വേദധര്മത്തിലേക്കുള്ള ഉപനയനം
കെ. ജയകുമാര്‍ (മലയാള സര്‍വകലാശാലാ ഉപകപലപതി)

വ്യക്തിസത്ത ആശയത്തില്‍ ആരൂഢിക്കുമ്പോഴേ ഒരു വ്യക്തി പ്രതീകമായിത്തീരുന്നുള്ളൂ. ജീവിതകാലത്ത് നല്ലതു് ചെയ്തവരെല്ലാം പ്രതീകങ്ങളായി മാറാറില്ല. സല്ക്കര്മാനുഷ്ഠാനത്തിനപ്പുറം മറ്റൊരു തപസ്സുകൂടി അനിവാര്യമാണതിന്. ഈ തപശ്ചര്യകൊണ്ടു് സ്വജീവിതത്തെ വൈദിക സംസ്കാരത്തിന്റെയും ജ്ഞാനതൃഷ്ണയുടെയും ഉജ്ജ്വല പ്രതീകമാക്കി മാറ്റിയ മനീഷിയാണു് മണ്മറഞ്ഞ നരേന്ദ്രഭൂഷണ്‍.
അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടെയാണു് ഞാന്‍ അദ്ദേഹത്തെക്കുറിച്ചു് കൂടുതല്‍ അറിയാനും, അന്വേഷിക്കാനും തുടങ്ങിയതു്. നേരിട്ടു് കണ്ടപ്പോഴാകട്ടെ, അസാധാരണമായ ഒരു മൗനംകൊണ്ടു് അദ്ദേഹം വ്യത്യസ്തനായി അനുഭവപ്പെട്ടു. അതിവിനയമില്ല, എന്നാല്‍ അറിവിന്റെ അഹന്തയില്ല. അസഹിഷ്ണതയില്ല. എന്നാല്‍ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ല. പിടിവാശിയാകാത്ത ഒരു നിഷ്ഠ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചൂഴ്നു നിന്നിരുന്നു. വേദവിജ്ഞാനത്തിന്റെ സമകാലികവും സാര്‍വകാലികവുമായ സാംഗത്യത്തെ ലോകത്തിനു് പരിചയപ്പെടുത്തിക്കൊടുക്കുക മാത്രമല്ല ആചാര്യ നരേന്ദ്രഭൂഷണ്‍ ചെയ്തതു്. ആ അറിവിന്റെ അക്ഷയപ്രകാശം ലോകത്തിനു് നഷ്ടമാകരുതന്നെ നിര്‍ബന്ധം കൂടിയുണ്ടായിരുന്നു ആ ജ്ഞാനയജ്ഞത്തിനു് പിന്നില്‍.
ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനദര്ശന പരിമിതികളെ വേദോപനിഷത്തുക്കളുടെ ഗോപുരപ്രകാശത്തില് പുനര്നിര്വചിക്കുകയെന്നതു് ആയാസരഹിതമായ ദൗത്യമായിരുന്നില്ല. എതിര്‍പ്പിന്റെയും തെറ്റിദ്ധാരണകളുടെയും മുള്ളുകളും കല്ലുകളും ആചാര്യന്റെ പഥത്തിലും പതിയാതിരുന്നില്ല. അല്പവിജ്ഞാനവും അഹന്തയുംകൂടി നമുക്കു നല്കിയ കാഴ്ചവൈകല്യങ്ങളെ നിരന്തരമായി തിരുത്തുകയെന്ന ജ്ഞാനവിപ്ലവമായിരുന്നു അദ്ദേഹം നടത്തിയതു്. ആധുനിക മനുഷ്യന്റെ മുക്തിമാര്ഗമെന്നതു്, ‘ഭൂമിയോടുള്ള അനുരാഗം ശീലിപ്പിക്കുന്ന ദേവധര്മത്തിലേക്കുള്ള ഉപനയനമാണെ’ന്നു് വിഷ്ണുനായാരണന് നമ്പൂതിരി അഭിപ്രായപ്പെട്ടതു് ഏറെ പ്രസക്തം.
വേദവിജ്ഞാനം നവമാനവികതയ്ക്കു വേണ്ടി വിനിയോഗിക്കുകയെന്നതായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍ പിന്തുടര്‍ന്ന കര്മമന്ത്രം. ആ യാത്രയില്‍ പരമ്പരാഗതമായ അബദ്ധധാരണകളെയും ജടിലമായ ആചാരങ്ങളെയും അദ്ദേഹം എതിര്‍ക്കുകയും അവയെ വികലമായ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിനു് പില്ക്കാലത്തുണ്ടായ മാന്ദ്യം തിരിച്ചറിഞ്ഞ അകക്കാഴ്ചയുള്ള ഒരു സപര്യയായിരുന്നു നരേന്ദ്രഭൂഷന്റെ ധന്യജീവിതം. താന്‍ നേരിടുന്ന എതിര്‍പ്പുകളുടെ വലിപ്പത്തെപ്പറ്റി തികഞ്ഞ ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, താന്‍ സ്വയം സമര്‍പ്പിച്ച വൈജ്ഞാനിക യജ്ഞം അനുസ്യൂതം മുന്നോട്ടുകൊണ്ടുപോവുക എന്നതല്ലാതെ മറ്റൊന്നും ആചാര്യന്റെ മനസ്സിലുണ്ടായിരുന്നില്ല. മനുഷ്യന്റെ ഉത്കര്‍ഷത്തിനുവേണ്ടി ആര്ഷസാഹിതീപരിചയമെന്ന കര്‍മം അദ്ദേഹം നിരന്തരം അനുഷ്ഠിച്ചുപോന്നു. ഈ കര്മനിഷ്ഠയില് ഒരുപക്ഷേ, അദ്ദേഹത്തിനു് സമാനരായി ശ്രീനാരായണഗുരുവും വി.ടിയും വാഗ്ദടാനന്ദനുമൊക്കെ മാത്രം.
നാല് വേദങ്ങള്‍ക്കുള്ള വ്യാഖ്യാനം തന്റെ ‘ചതുര്‍വേദ സംഹിത’യെന്ന പ്രകൃഷ്ട കൃതിയിലൂടെ അദ്ദേഹം മലയാളിക്കു് നല്കി. പത്ത് ഉപനിഷത്തുക്കള്‍ ലളിതപാഠത്തോടുകൂടി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ബാലഗംഗാധരതിലകന്റെ ‘ഗീതാരഹസ്യം’ ഹിന്ദിയില്നിന്നു് മലയാളത്തിലേക്കു് മൊഴിമാറ്റം ചെയ്തു. ‘യോഗേശ്വരനായ കൃഷ്ണന്’, ‘വൈദികസാഹിത്യ ചരിത്രം’, ‘പരലോകവും പുനര്‍ജന്മവും’, ‘വേദപര്യടനം’, ‘യാഗപരിചയം’, ‘അയോധ്യയിലെ ശ്രീരാമന്’ എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. ‘ആര്‍ഷനാദം’ എന്ന വൈദിക-ദാര്‍ശനിക മാസിക നാല്പതിലേറെ വര്‍ഷമായി പ്രസിദ്ധീകരിച്ചു. ഈ ജ്ഞാനയാത്രയ്ക്കിടയില് ആര്യസമാജ ശതാബ്ദി പുരസ്കാരവും മഹര്‍ഷി ദയാനന്ദ പുരസ്കാരവും ആദ്യത്തെ അമൃതകീര്‍ത്തി പുരസ്കാരവും കേരളസാഹിത്യ അക്കാദമിയുടെ കെ.ആര്. രാമന് നമ്പൂതിരി എന്‍ഡോവ്മെന്റ് അവാര്‍ഡും 2009-ല്‍ സമഗ്രസാഹിത്യസംഭാവനാ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ഒരു സമൂഹത്തിന്റെ കൃതജ്ഞത അറിയിക്കാനും അടയാളപ്പെടുത്താനുമുളള മറ്റ് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ നവോത്ഥാന നായകനെ തേടിയെത്തേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചു പോകുന്നതു് സ്വാഭാവികം.
ഈ ബൃഹല്കൃതികള് പ്രസിദ്ധീകരിച്ചത് മലയാളത്തിലെ പ്രമുഖമായ പ്രസാധനശാലകളായിരുന്നില്ല. ചെറിയ പ്രസ്സില്‍ സ്വയം അച്ചടിച്ച്, സ്വയം പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പണവും സ്വന്തം അധ്വാനവും സ്വന്തം പാണ്ഡിത്യവും ആത്മസമര്‍പ്പണവും മാത്രം കൈമുതല്‍. ഗ്രന്ഥപരിശോധന നടത്തുമ്പോള്‍ ഓലിക്കീറ് കൊണ്ട് ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടെങ്കിലും സാമ്പത്തികക്ലേശങ്ങള്‍ സഹസഞ്ചാരിയായിരുന്നെങ്കിലും ആചാര്യന് തളര്‍ന്നില്ല. പിന്തിരിഞ്ഞില്ല. ഈ കര്‍മചൈതന്യത്തിന്റെ ഉറവിടം തേടേണ്ടതു് ആചാര്യ നരേന്ദ്രഭൂഷന്റെ ഗുരുവായ മഹര്‍ഷി ദയാനന്ദ സരസ്വതിയിലാണു്. ഒരു ഗുരുവിന്റെ ജീവിതദര്‍ശനം ശിഷ്യരിലൂടെ സാഫല്യമണിയുകയെന്നതു് ഭാരതീയമായ ഒരു സുകൃതസങ്കല്പമാണു്. മാനവധര്മത്തെ നിര്‍വചിക്കാനും ജീവിതത്തെ അര്ഥസമ്പന്നമാക്കി മുന്നോട്ടു നയിക്കാനും ‘വേദങ്ങളിലേക്കു് തിരിച്ചുകൊണ്ടുപോവുക’ എന്നതായിരുന്നു ദയാനന്ദ സരസ്വതിയുടെ കര്‍മപദ്ധതി. അന്ധവിശ്വാസങ്ങളില്നിന്നു് മുക്തമായ ഏകദൈവത്തില്‍ വിശ്വസിക്കുന്ന മാനവസമുദായമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ആചാര്യ നരേന്ദ്രഭൂഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ദര്ശനത്തില്നിന്നു് നിരന്തര പ്രചോദനം ഉള്‍കൊണ്ടു. അബ്രാഹ്മണരെയും സ്ത്രീകളെയും വേദം പഠിപ്പിക്കാന്‍ കഴിഞ്ഞു. വേദപഠനത്തിനായി ഗുരുകുലങ്ങള്‍ സ്ഥാപിച്ചു. ചെങ്ങന്നൂര്‍ കേന്ദ്രമാക്കി സരസ്വതി വൈദിക ഗുരുകുലവും വൈക്കത്ത് മഹര്‍ഷി ദയാനന്ദ വൈദിക ഗുരുകുലവും. സ്വഭവനമായ ദയാനന്ദ ഭവനില്‍ നടത്തിവന്ന ക്ലാസ്സുകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നു് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു. വേദം സാധാരണ മനുഷ്യരില്‍ എത്തിക്കുന്നതിനുള്ള മുഖ്യതടസ്സമായി ജാതിവ്യവസ്ഥയെ കണ്ടിരുന്ന നരേന്ദ്രഭൂഷണ്‍, വേദം പഠിക്കാനും ഉപനയനം നത്താനം ഏതൊരാള്‍ക്കും അര്‍ഹതയുണ്ടെന്ന ആശയത്തെ ധീരമായി പ്രാവര്‍ത്തികമാക്കി. ഉപനയനം എന്ത്? എന്തിന്? എന്ന തന്റെ പുസ്തകം അദ്ദേഹം അവസാനിപ്പിക്കുന്നതു് ഈ വാക്യങ്ങളോടെയാണു്. ‘വേദം സര്വസത്യവിദ്യകളുടെയും ഗ്രന്ഥമാണു്. അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതു് ശ്രേഷ്ഠരായ എല്ലാ മനുഷ്യരുടെയും കര്‍ത്തവ്യമാകുന്നു. അത് ജ്ഞാനനൂലാണു്. ആ സൂത്രത്തിന്റെ ഊടും പാവുംകൊണ്ടു് മാനവസമൂഹമെന്ന ഉത്കൃഷ്ട വസ്തരം നെയ്തെടുക്കണം. ഉപനയന സംസ്കാരത്തിലെ തത്ത്വവും ലക്ഷ്യവും ഇതാണു്. ആധ്യാത്മികതയും മാനവികതയും തമ്മിലുള്ള അകലം ലഘൂകരിക്കുകയെന്ന ലക്ഷ്യത്താല്‍ പ്രചോദിതനായ ആചാര്യന്, തന്റെ കുടുംബത്തെയും ശിഷ്യരെയും ഈ മഹായജ്ഞത്തില്‍ സജീവ പങ്കാളികളാക്കി. അതുകൊണ്ടാണല്ലോ തന്റെ മരണത്തില്‍ ആരും കരയരുതന്നെ നിര്‍ദ്ദേശം കുടുംബാംഗങ്ങളും ശിഷ്യരും അക്ഷരംപ്രതി അനുസരിച്ചതു്. മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞ ഒരു സ്ത്രീയെ ആചാര്യന്റെ ധര്മപത്നി കമലാ നരേന്ദ്രഭൂഷണ്‍ വിലക്കുകയും ചെയ്തു.
ഒന്നുകില്‍, ആധുനിക ശാസ്ത്രത്തിന്റെയും പാശ്ചാത്യ പരിഷ്കാരഭ്രമത്തിന്റെയും സ്വാധീനവലയത്തില്‍. അല്ലെങ്കില്‍, ആചാരബന്ധവും ഉപരിപ്ലവും മനുഷ്യര്‍ക്കിടയിലുള്ള വ്യത്യാസങ്ങളെ പര്വതീകരിക്കുന്നതുമായ വിശ്വാസങ്ങളുടെ തടവറയില്‍. ഈ അസ്വതന്ത്രമായ അവസ്ഥയില്‍നിന്നു് വേദത്തിന്റെ (യഥാര്‍ഥ അറിവിന്റെ) വെളിച്ചംകൊണ്ടു്, ‘ധിയോ യോ നഃ പ്രചോദയാത് (നമ്മുടെ ബുദ്ധിയെ നേര്‍വഴി തേടാന്‍ പ്രചോദിപ്പിക്കട്ടെ) എന്ന പ്രാര്‍ത്ഥനകൊണ്ട് മനുഷ്യജീവിതത്തെ സനാതനധര്‍മത്തിന്റെ പ്രകാശവഴിയിലൂടെ നയിച്ച ആചാര്യ നരേന്ദ്രഭൂഷന്റെ സ്ഥാനം കേരളത്തിന്റെ നവോത്ഥാന നായകരോടൊപ്പമാണു്. ആ ധന്യജീവിതത്തില്‍ പാണ്ഡിത്യവും പ്രായോഗികബുദ്ധിയും മനുഷ്യസ്നേഹവും ഒത്തു ചേര്‍ന്നു. തന്റെ ഗുരുകുലങ്ങളുടെ സൂത്രവാക്യമായി അദ്ദേഹം സ്വീകരിച്ച വേദവചനം ഈ ദര്‍ശനത്തെ ചിരിയിലൊതുക്കുന്നുണ്ട്. ‘വയം രാഷ്ട്രേ ജാഗ്യയാമ പുരോഹിത’– (ഞങ്ങള്‍ രാഷ്ട്രത്തെ ഉണര്‍ന്നിരുന്ന് നയിക്കുന്നവരാകുന്നു). അധര്‍മത്തിന്റെ ഇരുട്ട് പരക്കുമ്പോള്‍, ഓരോ വ്യക്തിക്കും ഉരുവിടാന്‍ കഴിയേണ്ട വചനം കൂടിയായിരുന്നു അതെന്നു് നാമിപ്പോള്‍ മനസ്സിലാക്കുന്നു.